Wednesday, 20 July 2016

ഡോ .കെ എൻ.എഴുത്തച്ഛൻ വിട പറയുന്നേരം -ഒരു ഓർ മ്മക്കുറിപ്പ്





കോഴിക്കോട് സർവ്വകലാശാല ലൈബ്രറിഹാൾ. തീയതി 1981 ഒക്ടോബർ മാസം 28. സാഹിത്യാസ്വാദകരും വിദ്യാർത്ഥികളും അധ്യാപകരും നിറഞ്ഞ പ്രൗഢമായ സദസ്‌. പ്രശസ്ത സാഹിത്യകാരൻ ചെറുകാടിന്റെ സ്മരണയ്ക്കായുള്ള 'ശക്തി' അവാർഡ്ദാന ചടങ്ങു് നടക്കുകയാണ്. ശ്രീ. കെ.തായാട്ടിന്റെ 'കഥയുറങ്ങുന്ന വഴികളിലൂടെ' എന്ന ബാലസാഹിത്യകൃതിയാണ് ആ വർഷത്തെ അവാർഡിനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.




സമ്മാനദാനത്തിനും ചെറുകാട് അനുസ്മരണപ്രഭാഷണം നടത്തുന്നതിനും പ്രശസ്ത മലയാള, സംസ്കൃതപണ്ഡിതനും സർവകലാശാലാ വിസിറ്റിംഗ് പ്രൊഫെസ്സറുമായ ഡോ .കെ എൻ. എഴുത്തച്ഛനെയാണ് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹം എത്തിചേരാൻ വൈകിയതുകൊണ്ടു ചടങ്ങുകൾ തുടങ്ങാൻ കാലതാമസമുണ്ടായി. അദ്ദേഹം വരാതിരിക്കുകയാണെങ്കിൽ വേദിയിലുള്ള ചെറുകാടിന്റെ പത്നി ലക്ഷ്മി പിഷാരസ്യാരെക്കൊണ്ട് അവാർഡ് നല്കാമെന്ന ധാരണയിൽ സംഘാടകർ ചടങ്ങു ആരംഭിച്ചു.


സ്വാഗതപ്രസംഗം നടന്നുകൊണ്ടിരിക്കെ ഒരു ശിഷ്യന്റെ സഹായത്താൽ പടികൾ മെല്ലെ കയറി ഡോ.എഴുത്തച്ഛൻ വേദിയിലെത്തി. സംഘാടകരുടെ മുഖം പ്രസന്നമായി.


സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവും കഴിഞ്ഞു ശ്രീ കെ.തായാട്ടിന് അവാർഡ് സമ്മാനിച്ചശേഷം ഡോ. എഴുത്തച്ഛൻ പ്രഭാഷണമാരംഭിച്ചു. വാർദ്ധക്യവും അസുഖങ്ങളും അലോസരപ്പെടുത്തുന്നതിന്റെ ക്ഷീണം ഭാവത്തിലും വാക്കുകളിലുമുണ്ടെങ്കിലും അടുക്കും ചിട്ടയോടുംകൂടി ചെറുകാടുമായുള്ള ബാല്യകാലസ്മരണകൾ സദസ്സിനോട് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.



ഒരേ നാട്ടുകാരും ബാല്യത്തിൽ ഒരേയിടത്തു പഠിക്കാനുമിടയാതിനാലും ചെറുകാടിന്റെ കുട്ടിക്കാലത്തെ വികൃതികളും കളിതമാശകളുമൊക്കെ ഓർത്തെടുത്തു രസകരമായി അദ്ദേഹം വിവരിച്ചു. വികൃതിയായ ചെറുകാട് ചിലപ്പോഴെക്കെ പാഠശാലയിലെത്താതെ വഴിക്കുള്ള അമ്പലക്കാവിൽ കയറി കളിക്കുന്നതും മാവിൽ നിന്നു മാങ്ങ പറിച്ചുതിന്നുരസിക്കുന്നതുൾപ്പെടെയുള്ള അനുഭവങ്ങൾ സദസ്യർ ആകാംക്ഷപൂർവം കേട്ടിരുന്നു. ഓരോന്നോർത്തു പറയുന്നതിനിടെയ്ക്ക് അദ്ദേഹം തല ഒരു വശത്തേയ്ക്കു ചരിച്ചു എന്തോ ആലോചിച്ചെടുക്കുന്നതുപോലെ ഏതാനും നിമിഷങ്ങൾ നിശ്ശബ്ദനായിരുന്നു. സമയം കടന്നുപോയിട്ടും ചരിഞ്ഞ തലയുയർത്തുവാനോ സംഭാഷണം തുടരുവാനോ ശ്രമിക്കാതിരിക്കുന്നതു കണ്ടു വേദിയിലും സദസ്സിലുമുള്ളവരുടെ മനസ്സിൽ മിന്നായം പോലൊരു ഭയം കടന്നുപോയി. തൊട്ടടുത്തുനിന്ന ഒരു ശിഷ്യൻ അദ്ദേഹത്തിന്റെ തല പതുക്കെ ഉയർത്തുവാൻ ശ്രമിക്കവേ തലയും ശരീരവും ഒരു വശത്തേക്ക് കൂടുതൽ ചരിഞ്ഞു. മറ്റുള്ളവർകൂടിചേർന്ന് ശരീരം താങ്ങി. സദസിലുണ്ടായിരുന്ന യൂണിവേഴ്സിറ്റി ഹെൽത് സെന്റലിലെ ഡോക്ടർ ഓടി വേദിയിലെത്തി പരിശോധിച്ചശേഷം പതിഞ്ഞ ശബ്ദത്തിൽ ദുഃഖഭാരത്തോടെ ജീവൻ വിട്ടുപോയതായി സൂചിപ്പിച്ചു.



മലയാളം, ഇംഗ്ലീഷ്, സംസ്കൃത ഭാഷകളിൽ മാസ്റ്റേഴ്സ് ബിരുദവും തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവുമുണ്ടായിരുന്ന ഡോ.എഴുത്തച്ഛൻ ചെറുകഥകളും കവിതകളുമെഴുതിയിട്ടുണ്ടെങ്കിലും ഭാഷയിലും സാഹിത്യത്തിലുംനൽകിയ പ്രൗഢഗംഭീരവും പണ്ഡിതോചിതവുമായ പഠനങ്ങളും ലേഖനങ്ങളുമായിരുന്നു അദ്ദേഹത്തിൽനിന്നുള്ള പ്രധാന സംഭ)വന. സുദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹം കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായാണ് ഒടുവിൽ ജോലി ചെയ്തത്.


മലയാളം,സംസ്‌കൃത ഭാഷകൾക്ക് അമൂല്യസംഭാവനകൾ നൽകിയിട്ടുള്ള പണ്ഡിതശ്രേഷ്ഠനായ ഡോ.എഴുത്തച്ഛൻ ഒരു സഹൃദയ സദസ്സിനുമുന്നിൽ ചൈതന്യവത്തായ മനസ്സോടെ ബാല്യകാലസംഭവങ്ങളും സൗഹാർദ്ദവും വിവരിച്ചുകൊണ്ടിരിക്കെ പെട്ടെന്നൊരുനിമിഷത്തിൽ വിടപറഞ്ഞത്തിനു സാക്ഷിയാവേണ്ടിവന്നവരിൽ ഒരാളായ എന്നിൽ കാലമൊരുപാടു കടന്നുപോയിട്ടും മനസ്സിൽനിന്നും മായാത്ത ഒരു നൊമ്പരമായി ആ സംഭവം നിലനിൽക്കുന്നു. മരണമെന്ന പ്രഹേളിക ഒരു മിന്നൽപോൽ വന്ന്‌ ഒരു വിശിഷ്ട ജീവനുമായി കടന്നുകളഞ്ഞു. അതിനുമുമ്പും ശേഷവും എനിക്കു മരണത്തിനു നേർസാക്ഷിയാവേണ്ടിവന്നിട്ടില്ല

No comments:

Post a Comment