ശാസ്താംകോട്ട പ്രദേശവാസികളും പ്രകൃതിസ്നേഹികളും ശാസ്താംകോട്ടയിലെ ശുദ്ധജലതടാകത്തിനെ ആസന്നമരണത്തിൽനിന്നു രക്ഷിക്കണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. വിദഗ്ദ്ധപഠനങ്ങളുടെ അടിസ്ഥാനത്തിൽ ആക്ഷൻപ്ലാൻ തയാറാക്കി കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കും മറ്റു അധികാരികൾക്കും നൽകിയിട്ടുമുണ്ട്.എന്നാൽ കാര്യമായ ഒരുപ്രയോജനവുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ വേനൽക്കാലത്തും തടാകത്തിലെ ജലനിരപ്പ് അസാധാരണംവിധം താഴ്ന്നു പോവുകയും തടാകത്തിന്റെ അടിത്തട്ട് വേനലിൽ വിണ്ടിരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു
അത്ഭുതകരമാംവിധം പരിശുദ്ധിയോടെ നൂറ്റാണ്ടുകളായി വെള്ളം നിറഞ്ഞു മനോഹാരിയായി പരിലസിച്ച ഈ തടാകത്തിന്റെ ശനിദശ ആരംഭിക്കുന്നത് പത്തിരുപത്തഞ്ചുവർഷം മുൻപാണ്.ദശാബ്ദങ്ങളായി കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ളം ശാസ്താംകോട്ട തടാകത്തിൽനിന്നായിരുന്നുവെങ്കിലും അക്കാരണംമാത്രമല്ല തടാകത്തിന്റെ മരണാവസ്ഥയ്ക്കു കാരണമായി തീർന്നിട്ടുള്ളത്.തടാകത്തിന്റെ പരിസരങ്ങളിലും വൃഷ്ടിപ്രദേശത്തുമുള്ള കൈയ്യേറ്റം, മാലിന്യനിക്ഷേപം,കെട്ടിടനിർമാണം, സ്വാഭാവികമരങ്ങൾ വെട്ടിക്കളഞ്ഞു അക്കേഷ്യക്കാട് സൃഷ്ടിക്കൽ, തടാകത്തിലേക്കുള്ള പ്രകൃതിദത്തമായ നീരൊഴുക്കിനുംജലപ്രവാഹത്തിനും തടസ്സം സൃഷ്ടിക്കൽ, മണലൂറ്റ്മണ്ണെടുപ്പ്തുടങ്ങിയവ ആരംഭിച്ചതോടുകൂടിയാണ് തടാകം നാശത്തിലേക്കു നീങ്ങിയത്. വേനക്കാലത്തു വെള്ളത്തിന്റെ അളവ് പരിതാപമാംവിധം താഴുകയും മണ്ണൊലിപ്പും അഴുക്കും നിറഞ്ഞു തടാകത്തിന്റെ ആഴം കുറയുകയും ചെയ്തു.
തടാകം സംരക്ഷിക്കണമെന്നുള്ള പ്രകൃതിസ്നേഹികളുടെ മുറവിളിക്കു നേരെ കണ്ണടക്കാൻ വയ്യാതെ 2013 ജൂൺ മാസം 13 -നു അന്നത്തെ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ട് കണ്ടശേഷം ചർച്ചകൾ നടത്തി . തടാകസംരക്ഷണം സർക്കാരിന്റെ അഭിമാനപ്രശ്നമായി ഏറ്റെടുക്കുകയും അതിനായി വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ പ്രസ്തുത പധ്ധതികൾ പൂർണ്ണമായി നടപ്പാക്കുമെന്നും അപ്പോൾ സ്ഥലം വീണ്ടും സന്ദർശിച്ചു തടാകസംരക്ഷണത്തിന്റെ വിജയപ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി പൊതുജനസമക്ഷം അറിയിച്ചു. കേരളത്തിലെ തണ്ണീർത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന്റെ ഉദാത്തമാതൃകയായി ശാസ്താംകോട്ട തടാകസംരക്ഷണം മാറുമെന്നും മുഖ്യമന്ത്രി കരഘോഷങ്ങൾക്കിടയിൽ പ്രഖ്യാപിച്ചു.
കൊല്ലം നഗരത്തിനും ചവറ- പന്മന പ്രദേശങ്ങൾക്കും കുടിവെള്ളം നൽകുന്നതിനുള്ള ബദൽപദ്ധതികൾ നടപ്പാക്കുമെന്നും അതുവഴി തടാകത്തിൽനിന്ന് വെള്ളമെടുക്കുന്നതിന്റെ അളവ് കുറയ്ക്കുമെന്നുമായിരുന്നു പ്രധാന തീരുമാനം.
നിർദ്ദേശിച്ച മറ്റു പദ്ധതികൾ:
മണ്ണിനു ദോഷകരമായ അക്കേഷ്യമരങ്ങൾ വെട്ടിമാറ്റി പകരം നാട്ടുമരങ്ങൾ വച്ചുപിടിപ്പിക്കും.
ജൈവവൈവിദ്ധ്യ പഠനം നടത്തി അവയുടെ സംരക്ഷണം ഉറപ്പാക്കും.
പരിസ്ഥിതിക്കനുയോജ്യമായ മരങ്ങളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കും.
നാടൻ മത്സ്യകൃഷി നടപ്പാക്കും.
മാലിന്യനിക്ഷേപം പൂർണ്ണമായി തടയും.
ജൈവവേലികെട്ടും.
മണ്ണുസംരക്ഷണപ്രവർത്തനങ്ങൾ നടത്തും.
ചെക്കുഡാമുകൾ നിർമിക്കും.
അനധികൃതഭൂമി കൈയേറ്റവും വീടുകളും ഒഴിപ്പിക്കും
പടിഞ്ഞാറേകല്ലടപ്രദേശത്തെ അനധികൃതഖനനവും മണ്ണെടുപ്പും നിയന്ത്രിക്കും.
തടാകത്തിന്റെ സമഗ്രസംരക്ഷണത്തിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനും ധനസഹായത്തിനുമായി അയയ്ക്കും.
മേൽപ്രവർത്തനങ്ങൾക്കും സമയബന്ധിതപദ്ധതി നിർവ്വഹണത്തിനുമായി പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വനം,ജലവിഭവം, റവന്യൂ, മണ്ണുസംരക്ഷണം, മൈനിങ് ആൻഡ് ജിയോളജി ജൈവവൈവിധ്യബോർഡ്, ശുചിത്ത്വമിഷൻ, സി. ഡബ്ലിയു. ആർ. ഡി. എം എന്നീ വകുപ്പുകളേയും സ്ഥാപനങ്ങളേയും ചുമതലപ്പെടുത്തി . പുരോഗതി വിലയിരുത്തുവാൻ ഉദ്യോഗസ്ഥതലത്തിലും പരിസ്ഥിതിവകുപ്പുമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ അധ്യക്ഷതയിലും ഇടക്കിടെ അവലോകനയോഗങ്ങൾ കൂടുകയും ചെയ്തു .എന്നാൽ തീരുമാനങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തികമാവുന്നില്ലെന്നു കണ്ടു കർശനമായ തുടർ നടപടിക്കുള്ള നിർദ്ദേശങ്ങൾ ഓരോ യോഗത്തിലും ഉദ്യോഗസ്ഥർക്കു നൽകി.
തടാകത്തിൽനിന്നു വെള്ളമെടുക്കുന്നതു കുറയ്ക്കുവാനുള്ള ബദൽപദ്ധതികൾ നടപ്പാക്കുക. കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, മാലിന്യനിക്ഷേപവും മലിനീകരണവും തടയുക, സ്വാഭാവിക ഉറവകൾ പുനസ്ഥാപിക്കുക തുടങ്ങിയ പ്രധാന കാര്യങ്ങളൊന്നും ഇതുവരെ യഥാവിധി നടപ്പായിട്ടില്ല .അക്കേഷ്യ വെട്ടിക്കളഞ്ഞു നാട്ടുമരത്തൈകൾ നട്ടുപിടിപ്പിക്കൽ ഭാഗികമായി നടന്നു. മാലിന്യം പൂർണ്ണമായും ഒഴിവാക്കുക,കുടിവെള്ളത്തിന് വെള്ളമെടുക്കുന്നതു പരമാവധി കുറയ്ക്കുക, കൈയേറ്റം ഒഴിപ്പിക്കുക, പരിസരം വൃക്ഷ സമൃദ്ധമാക്കുക തുടങ്ങിയവ നടപ്പിലായാൽ മാത്രമേ തടാകത്തെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്നു തടാകസംരക്ഷണപ്രവർത്തകരും വിദഗ്ധരും പറയുന്നു. ഇവ യഥാവിധി നടപ്പിലാക്കുന്നതിലാണ് വീഴ്ചവരുന്നത്.
പ്രകൃതി ജീവജാലങ്ങൾക്കു തന്നിട്ടുള്ള സംഭാവനകളെ നാശത്തിൽനിന്നു രക്ഷിക്കണമെന്ന് പറയുമ്പോൾ പരിസ്ഥിതിമൗലികവാദമെന്നു ബഹളം വച്ചു വായടപ്പിക്കാൻ ശ്രമിക്കുന്നവരുള്ള നമ്മുടെ നാട്ടിൽ, കുറേക്കാലം കഴിയുമ്പോൾ, പഴയൊരു ഫോട്ടോകാണിച്ചു പണ്ടിവിടെയുണ്ടായിരുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ പടമാണിത് മക്കളേ എന്നു വരുംതലമുറയോടു പറയേണ്ട സാഹചര്യമുണ്ടാവാതിരിക്കാനുള്ള ആത്മാർത്ഥത അധികാരികൾ കാണിക്കട്ടെയെന്നു നമുക്ക് ആഗ്രഹിക്കാം.
സുപ്രധാനമായ ഒരു വിഷയം. വാട്ടര് അതോറിറ്റിയിലെ ഞങ്ങളുടെ സംഘടന സമ്മേളനത്തിന്റെ ഭാഗമായി ഈ വിഷയം പഠിക്കാന് ശ്രമിച്ചിരുന്നു. തടാകതീരത്ത് ഒരു പരിപാടി നടത്തുകയും അതില് തടാകസംരക്ഷണസമിതിയും ശാസ്ത്രസാഹിത്യപരിഷത്തുമടക്കം പങ്കെടുക്കുകയും ചെയ്തു.
ReplyDeleteബ്ലോഗിലെ വിഷയവും,ചിത്രങ്ങളും നന്നായിട്ടുണ്ട്.മാണിസാര്‍ പറഞ്ഞതുപോലെ ഒരു സുന്ദരിപെണ്‍കുട്ടി.
ReplyDelete