Saturday, 24 September 2016

നിളയെ ആരു രക്ഷിക്കും ?

നിളാനദി അതിവേഗം   നാശത്തിലേക്കു പൊയ്യ്‌കൊണ്ടിരിക്കുകയാണെന്ന വാർത്തകളും നദിയെപ്പറ്റിയുള്ള ഫീച്ചറുകളും പലപ്പോഴും പത്ര മാസികകളിൽ നാം വായിച്ചുപോകുന്നതാണ്. പക്ഷെ, നദിയെ  നാശത്തിൽ നിന്നു  സംരക്ഷിക്കാൻ ഫലവത്തായ ഒരു ശ്രമവും ഇതുവരെ  ഉണ്ടായിട്ടില്ല. മണ്ണെടുപ്പും മലിനീകരണവും നിർബാധം തുടരുന്നു.പദ്ധതികളെപ്പറ്റിയും പണം ചെലവാക്കുന്നതിനെപ്പറ്റിയും കേൾക്കുന്നു.പക്ഷേ  പുഴ രക്ഷപ്പെടുന്നില്ല.പുഴ മുതൽ പുഴ വരെ എന്ന  ഒരു പുതിയ പദ്ധതിയിൽകീഴിൽ നദിയെ  രക്ഷിക്കാൻ നടപടിയെടുക്കുകയാണെന്നാണ് അധികാരികൾ ഇപ്പോൾ പറയുന്നത്.

നിളയുംതീരവുംകേരളീയസംസ്കാരത്തിന്റെയുംകലാസാഹിത്യത്തിന്റെയും വികസനത്തിന്റെയും സ്രോതസും അടിസ്ഥാനവുമാണ്. ആനമലയിൽപ്പെട്ട ത്രിമൂർത്തിമലയിലുള്ള ഒരു തടാകമാണ് നിളയുടെ ഉറവിടം.പൊള്ളാച്ചിയിൽനിന്നും പത്തു മൈൽ  അകലെ ഉദുമൽ പേട്ടയ്ക്കു പോകുന്ന ഭാഗത്താണ് ഈ  മല  സ്ഥിതിചെയ്യുന്നത്. അത്രി മഹർഷി തപസുചെയ്ത സ്ഥലമാണിതെന്നു കരുതപ്പെടുന്നു.



Image result for bharathapuzha photos ത്രിമൂർത്തിമലയിൽനിന്നുത്ഭവിക്കുന്ന അമരാവതിപുഴ കൽപ്പാത്തിപ്പുഴയോടുചേർന്നു ഭാരതപുഴയാകുന്നു.പാലാർ ,അലിയാർ,ഉപ്പാർ  എന്നിവ ഒത്തുചേർന്നതാണ് അമരാവതിപുഴ അഥവാ കണ്ണാടിപ്പുഴ.കല്ത്തിപാ ത്തിപ്പുഴ ആനമലയിൽനിന്ന് ഉത്ഭവിച്ചു വരട്ടാരുമായി ചേർന്ന് തമ്പലത്തുവച്ചു വാളയാറിൽ ചേരുകയും തുടർന്ന് പടിഞ്ഞാറോട്ടൊഴുകി മലമ്പുഴയിൽ ചേരുന്നു.സൈലന്റ് വാലി മുതൽ തെക്കേ അതിർത്തി വരെയുള്ള പ്രദേശങ്ങളിൽനിന്നും കോയമ്പത്തൂർ ജില്ലയിലുള്ള സഹ്യ പർവത പ്രദേശ ശൃ൦ഗങ്ങളിൽനിന്നും ഉത്ഭവിക്കുന്ന നിരവധി ഉപനദികൾ ഭാരതപ്പുഴയിൽ ചേരുന്നുണ്ട്

പാരമ്പര്യത്തിന്റെയും സാംസ്കാരികവളർച്ചയുടെയും ചരിത്രത്തിന്റെയും അനസൂത  ജൈവപ്രവാഹമാണ് നിളാ  നദി.കേരളത്തിന്റെ എല്ലാ ചലനങ്ങളിലും വിപ്ലവപരിണാമങ്ങളിലും തുടിച്ചു നിൽക്കുന്നതാണ് ഈ നദി. ഗായത്രിപ്പുഴ, തൂതപ്പുഴ എന്നിവയും നിളാ  ജലപ്രവാഹത്തിന്റെ ഭാഗങ്ങളായി മാറുന്നുണ്ട്.മലയാണ്മയുടെ ഗുരുകുലമായ തുഞ്ചൻ പറമ്പിനെ പുണർന്നു തിരൂർപുഴ നിളക്ക് മലയാളഭാഷയുടെ മാധുര്യം പകരുന്നു. നിളയുടെ സഞ്ചാരപഥം 209 കിലോമീറ്റർ ആണ്.നിളാതീരത്തെ അനന്ത വിസ്തൃതമായ പാടശേഖരങ്ങൾ നെൽകനകം വിളയിക്കുന്നു. വിവിധ കൃഷികളുമുണ്ട്. കൃഷിക്കുവേണ്ടി പുഴയോരപ്രദേശങ്ങളിൽ കുടിയേറിയവർ  ഈ  പ്രദേശത്തു വിഭിന്ന ജീവിതരീതികളും സംസ്കാരവും സമന്യയിപ്പിച്ചു.നിളാതീരം കേരളീയ  സംസ്കാരപരമ്പര്യത്തിന്റെ ഹൃദയത്തുടുപ്പായി മാറി.കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്രത്തിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയിട്ടുള്ള വേറൊഴു പുഴയില്ല. എഴുത്തച്ഛൻ ,പൂന്താനം,കുഞ്ചൻ നമ്പ്യാർ, എം ടി വാസുദേവൻ നായർ, വി കെ എൻ    കെ പി കേശവമേനോൻ ,ഒളപ്പമണ്ണ, ആറ്റൂർ രവിവർമ, എം സുകുമാരൻ, വള്ളത്തോൾ, വി ടി ഭട്ടത്തിരിപ്പാട് തുടങ്ങിയ സാഹിത്യ സാംസ്കാരിക നായകരൊക്കെ ഭാരതപുഴയുമായി  ബന്ധപ്പെട്ടവരാണ്. മാമാങ്കത്തിന് വേദിയായതും ഈ നദീതീരമാണ്.

ഇ ന്ന് മരണണാസന്നമായ ഒരുനദിയുടെ  പാരിസ്ഥിതികലക്ഷണങ്ങളെല്ലാം നിളയിൽ കാണുന്നുണ്ട്. മണൽമാഫിയയുടെ കയ്യേറ്റവും,പരിസരമലിനീകരണവും, മണ്ണൊലിപ്പും കര ഇടിയുന്നതും ഒക്കെ ചേർന്ന് നദിയെ ആക്രമിച്ചു നശിപ്പിക്കുന്നു.അശാസ്ത്രീയമായ അണകെട്ടൽ  ജലസേചന പദ്ധതികൾ  എന്നിവ  കടൽവെള്ളം നദിയിലേക്കു കയറുവാനുള്ള സാഹചര്യംസൃഷ്ട്ടിച്ചു. നദിയെ സംരക്ഷിക്കുന്നതിനായി  ഇപ്പോൾ പുഴ മുതൽ പുഴ വരെ എന്ന പേരിൽ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. അനേക കോടി രൂപ ചെലവഴിച്ചുപലവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ വിഭാവന ചെയ്തിരിക്കുന്നത് പക്ഷെ, ഒരു ഭയം നിലനിൽക്കുന്നു. പദ്ധതി നടപ്പാകും,പണം ചെലവഴിക്കും എന്നാൽ നദി രക്ഷപെടുമോ? പണം ചെലവഴിക്കാതെ നദിയെ രക്ഷിക്കാൻ  മാർഗമുണ്ട്. മണലെടുപ്പ് കര്ശനമായി നിയന്ത്രിക്കുക, പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കാതിരിക്കുക. ഇതു  മാത്രം ചെയ്താൽ നദി ഒരുവിധം  രക്ഷപ്പെടും. പക്ഷെ നദിയെ ശരിയായി രക്ഷിക്കുന്നതിനുപകരം  രക്ഷിക്കുക എന്ന പ്രതീതി ഉണ്ടാക്കുകമാത്രമാണല്ലോ  അധികാരികളുടെ ലക്ഷ്യം.

No comments:

Post a Comment